ചാത്തന്നൂര്‍: പാര്‍ട്ടിക്കുള്ളിലെ അഴിമതിചര്‍ച്ചയില്‍ വഴിമുട്ടി സിപിഎം ചിറക്കര ലോക്കല്‍ സമ്മേളനം പൂര്‍ത്തിയാകാതെ പിരിഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ പഞ്ചനക്ഷത്രസമ്മേളനമായി മാറിയ പരിപാടി ചിറക്കരയിലെ വ്യവസായപ്രമുഖനും സിപിഎം എല്‍സി മെമ്പറുമായ ചിരവിള മോഹനന്റെ വീട്ടുമുറ്റത്ത് ഹൈടെക് രീതിയില്‍ നിര്‍മ്മിച്ച പന്തലിലാണ് നടന്നത്. സിപിഎമ്മും ഡിവൈഎഫ്‌ഐയും ചേരിതിരിഞ്ഞ് പരസ്യമായി ഏറ്റുമുട്ടുന്ന ഇവിടെ പഞ്ചായത്തില്‍ സിപിഐക്കാരിയായ പ്രസിഡന്റും ചില മെമ്പര്‍മാരും നടത്തുന്ന അഴിമതിയും ഡിവൈഎഫ്‌ഐ സമരവുമായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ തര്‍ക്കം മുറുകിയപ്പോള്‍ ഉപരികമ്മിറ്റി നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സമ്മേളനം പിരിക്കുകയായിരുന്നു. പിണറായി പക്ഷത്തെ മൂടോടെ വെട്ടിനിരത്തി വിഎസ് പക്ഷം ലോക്കല്‍ കമ്മിറ്റി നേതൃത്വം പിടിച്ചെടുക്കുകയും ചെയ്തു. സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റ് നടത്തുന്ന അഴിമതിക്ക് കുടപിടിക്കുന്ന സമീപനമാണ് സിപിഎമ്മിലെ ഒരുവിഭാഗം ചെയ്യുന്നതെന്നും ചിറക്കര പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ടാര്‍പ്ലാന്റിനെതിരെയും പോളച്ചിറ ഏലായില്‍ വെള്ളം വറ്റിക്കലിനെതിരെയും നടന്ന സമ്മേളനത്തില്‍ പാര്‍ട്ടി നടത്തിയ ഒത്തുതീര്‍പ്പുകളും ചര്‍ച്ചയായി. സിപിഎം മുന്നണി മര്യാദ ലംഘിച്ചുകൊണ്ട് പല കാര്യങ്ങളിലും പഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിനും എംഎല്‍എയ്ക്കുമെതിരെ നിഴല്‍യുദ്ധമാണ് നടത്തുന്നതെന്നും, ഇങ്ങനെ പോയാല്‍ മുന്നണി സംവിധാനം പുനഃപരിശോധിക്കണമെന്നും ഭൂരിഭാഗം പ്രതിനിധികളും അഭിപ്രായപ്പെട്ടു.
Monday, December 29, 2014
കശുവണ്ടിതൊഴിലാളികളുടെ സമരപന്തലില്‍ ഡിവൈഎഫ്‌ഐക്കാര്‍ തമ്മിലടിച്ചു by അരുണ്‍സതീശന്‍
ചാത്തന്നൂര്‍: സ്റ്റാന്‍ഡേര്‍ഡ് ജംഗ്ഷനിലെ കശുവണ്ടി കോര്‍പ്പറേഷന്‍ ഫാക്ടറിക്ക് മുന്നില്‍ സിഐടിയു സ്ഥാപിച്ചിരുന്ന സമരപന്തലില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ തമ്മില്‍തല്ലി. ജനപ്രതിനിധികള്‍ അടക്കമുള്ള സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ സാക്ഷിയാക്കിയാണ് സംഭവം. ഡിവൈഎഫ്‌ഐയുടെ മേഖലാസെക്രട്ടറിയും സിപിഎം എല്‍സി മെമ്പറുമായ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സത്യാഗ്രഹം അനുഷ്ഠിക്കുന്ന ഡിവൈഎഫ്‌ഐ നേതാവ് ബിജുവിനെതിരെ അസഭ്യം പറഞ്ഞുകൊണ്ട് അക്രമിക്കുകയായിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ സമരപന്തലില്‍ ഉണ്ടായ ഡിവൈഎഫ്‌ഐ നേതാക്കള്‍ തയ്യാറായതോടെ കാര്യങ്ങള്‍ കയ്യാങ്കളിയിലെത്തി. ഇതിനിടയില്‍ സത്യാഗ്രഹം അനുഷ്ഠിച്ചിരുന്ന ഷിബുവിന് പരിക്ക് പറ്റുകയും ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കൂടിയായ ബിജുവിന് അനഭിമതരായ ചിലര്‍ സത്യാഗ്രഹപന്തലില്‍ എത്തിയതാണ് കാരണമെന്ന് ബിജുപക്ഷക്കാര്‍ പറയുമ്പോള്‍ അതല്ല കാര്യമെന്ന് മറുപക്ഷം വാദിക്കുന്നു. കഴിഞ്ഞ ലോക്കല്‍ സമ്മേളനത്തില്‍ ബിജുവിനെതിരെ ഷിബുവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഡിവൈഎഫ്‌ഐക്കാരും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിമാരും ആരോപണങ്ങള്‍ ഉന്നയിച്ചതാണ് കാരണമെന്ന് മറുപക്ഷം പറയുന്നു. സത്യാഗ്രഹത്തിന് എത്തിയ ദിവസം തന്നെ സത്യാഗ്രഹപന്തലില്‍ ഇരുന്നവര്‍ക്ക് നേരെ ബൈക്കുകളിലെത്തിയ സംഘം അസഭ്യം പറഞ്ഞു. ഇതിനെതിരെ സിഐടിയുവിന്റെ പേരില്‍ ബൈക്കുകളുടെ നമ്പറും ആളുകളുടെ പേരും കാണിച്ച് പരാതി കൊടുത്തിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഇടപെട്ട് ഒതുക്കി തീര്‍ത്തതാണെന്ന് പറയപ്പെടുന്നു. ഇതിലെ പ്രതികളെയൊന്നും അറസ്റ്റ് ചെയ്തിട്ടില്ല. ലോക്കല്‍ സമ്മേളനത്തിന് തൊട്ടുമുമ്പാണ് പിണറായി പക്ഷക്കാരനായ ബിജു വിഎസ് പക്ഷത്തേക്ക് കാലുമാറിയത്. ലോക്കല്‍ സമ്മേളനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കുറച്ച് വോട്ട് കിട്ടിയതും ബിജുവിനാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ അംഗങ്ങള്‍ ബിജുവിനെതിരെ പരാതി കൊടുത്തിട്ടും യാതൊരു ഫലവുമില്ലെന്നാണ് ഡിവൈഎഫ്‌ഐക്കാര്‍ പറയുന്നത്. നേതാക്കളുടെ പല ബിസിനസും ബിജുവാണ് നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐക്കാര്‍ പറയുന്നു. ഇതിനിടയില്‍ ബിജു പാര്‍ട്ടിയില്‍ നിന്നും രണ്ടുമാസത്തേക്ക് അവധിയെടുക്കാന്‍ അപേക്ഷ കൊടുത്തിരിക്കുകയാണ്. പാര്‍ട്ടിയില്‍ ബിജുവിനെതിരെയുള്ള പ്രതിഷേധമൊതുക്കാന്‍ നേതാക്കള്‍ കണ്ടുപിടിച്ച മാര്‍ഗമാണ് അവധി അപേക്ഷയെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിച്ചു. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമരത്തില്‍ സത്യാഗ്രഹം കിടന്നത് മുഴുവന്‍ ഡിവൈഎഫ്‌ഐ നേതാക്കളാണ്. കശുവണ്ടി മേഖലയുമായോ കശുവണ്ടി തൊഴിലാളികളുമായോ പുലബന്ധവുമില്ലാത്ത ഡിവൈഎഫ്‌ഐ നേതാക്കളെ സത്യാഗ്രഹത്തിന് ഇരുത്തിയതില്‍ തന്നെ സിഐടിയുവിലും പാര്‍ട്ടിയിലും രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സത്യാഗ്രഹപന്തല്‍ ഡിവൈഎഫ്‌ഐക്കാര്‍ ഹൈജാക്ക് ചെയ്തതായും മുതിര്‍ന്ന സിഐടിയു നേതാക്കള്‍ ആരോപിക്കുന്നു. സത്യാഗ്രഹപന്തലിന് നേര്‍ക്ക് അസഭ്യവര്‍ഷം നടത്തുകയും നാട്ടുകാരും നൂറുകണക്കിന് തൊഴിലാളികളും നോക്കിനില്‍ക്കെ പാര്‍ട്ടിയെയും തൊഴിലാളികളെയും അപമാനിക്കുകയും ചെയ്ത ബിജുവിനെതിരെ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐക്കാര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്താനുള്ള നീക്കത്തിലാണ് ഇവര്‍.
Saturday, December 27, 2014
റോജിയുടെ മരണകാരണമറിയാന്‍ കണ്ണീരില്‍ കുതിര്‍ന്ന പ്രതിഷേധമാര്‍ച്ച്
കൊട്ടിയം: തിരുവനന്തപുരം കിംസ് ആശുപത്രിയുടെ പത്താമത്തെ നിലയില്‍ നിന്നും വീണ് മരിച്ച റോജിറോയിയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊട്ടിയം കിംസ് ആശുപത്രിയിലേക്ക് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ആക്ഷന്‍ കൗണ്‍സിലിന്റെയും ജില്ലാ ബധിരമൂക അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച് കണ്ടുനില്‍ക്കുന്നവരെ പോലും കണ്ണീരിലാഴ്ത്തി. റോജിയുടെ മാതാപിതാക്കളും സഹോദരനെയും മുന്നില്‍നിര്‍ത്തി നടത്തിയ മാര്‍ച്ചില്‍ കരഞ്ഞുകൊണ്ടാണ് മാതാപിതാക്കള്‍ ചുവടുവച്ചത്. ശബ്ദമുയര്‍ത്താന്‍ കഴിയാത്തവര്‍ കൈകളുയര്‍ത്തി തങ്ങള്‍ക്കാവുന്ന ഭാഷയിലാണ് പ്രതിഷേധമുയര്‍ത്തിയത്. കൊട്ടിയം ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധമാര്‍ച്ച് കിംസ് ഹോസ്പിറ്റലിന് മുന്നില്‍ അവസാനിച്ച് മാര്‍ച്ച് ആക്ഷന്‍കൗണ്‍സില്‍ രക്ഷാധികാരിയും നെടുമ്പന പഞ്ചായത്ത് പ്രസിഡന്റുമായ പ്രസന്നാ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. റോജിറോയിയുടെ മരണത്തിനുശേഷം ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള ഓരോ ഇടപെടലുകളും ദുരൂഹത ഉണര്‍ത്തുന്നതാണ്. അതുകൊണ്ടുതന്നെ റോജിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം ജനങ്ങള്‍ക്ക് അറിയണം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അതിന് ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. അതിനുവേണ്ടിയാണ് സമരമെന്ന് പ്രസന്നരാമചന്ദ്രന്‍ പറഞ്ഞു. ഇനിയും ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ജിജി ജേക്കബ്, കെ.യു.ഷിജുകുമാര്‍, സഞ്ജയ് എന്നിവര്‍ സംസാരിച്ചു.
ചെങ്കണ്ണ് പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല by അരുണ്‍സതീശന്‍
ചാത്തന്നൂര്‍: വേനല്‍ക്കാല രോഗമായ ചെങ്കണ്ണ് പടര്‍ന്നു പിടിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് നേത്രപടലങ്ങളില്‍ ഉണ്ടാകുന്ന അണുബാധയാണ് രോഗകാരണം. മഴയും പകല്‍നേരത്തെ ചൂടുമാണ് രോഗം പടരാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കൂടുതലായി ബാക്ടീരിയ ബാധ മൂലമുള്ള ചെങ്കണ്ണാണ് പടര്‍ന്നുപിടിക്കാറെങ്കിലും ഈ അടുത്ത കാലത്തായി വൈറസ് ബാധയും രോഗം വരുത്തുന്നു. രോഗം മാറണമെങ്കില്‍ നാലുമുതല്‍ ഏഴു ദിവസം വേണ്ടിവരും. ചാത്തന്നൂര്‍ മേഖലയില്‍ ഇതുവരെ രണ്ടായിരത്തോളം പേര്‍ ചെങ്കണ്ണ് ബാധിച്ച് ചികിത്സ തേടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചെങ്കണ്ണ് ബാധ സ്‌കൂളുകളിലെ ഹാജര്‍ നിലയിലും കുറവ് വരുത്തിയുട്ടുണ്ട് എന്ന് അധ്യാപകര്‍ പറയുന്നു. ചെങ്കണ്ണ് മറ്റുള്ള കുട്ടികള്‍ക്ക് പകരുമെന്ന കാരണത്താല്‍ പല കുട്ടികളോടും സ്‌കൂളില്‍ അസുഖം ഭേദമായിട്ട് എത്തിയാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നു. ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആദ്യം ഒരു കണ്ണിനെയും അധികം വൈകാതെ മറ്റേ കണ്ണിനെയും ബാധിക്കും. വൈറസിനെ തുടര്‍ന്നുണ്ടാകുന്ന ചെങ്കണ്ണ് ചിലപ്പോള്‍ ഒരു കണ്ണിനെ മാത്രമേ ബാധിക്കുകയുളളു. പീളകെട്ടലും കുറവാകും. കണ്‍പോളകള്‍ നീരുവന്ന് വീര്‍ത്ത് കണ്ണുകള്‍ ഇടുങ്ങിയിരിക്കും. ഈ അവസ്ഥ കുറച്ചുദിവസം നീണ്ടുനില്‍ക്കും. ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍ കണ്ണിന് കടുത്ത ചുവപ്പു നിറം ഉണ്ടാകും മണ്‍തരികള്‍ കണ്ണില്‍പോയതുപോലെയുള്ള അസ്വസ്ഥത രാവിലെ എഴുന്നേല്‍ക്കുമ്പോഴും അല്ലാതെയും പീളകെട്ടല്‍ കണ്ണിന് ചൊറിച്ചില്‍, വേദന, കണ്ണില്‍ നിന്ന് വെള്ളം വരുക, കണ്‍പോളകളില്‍ നീര് എന്നിവയാണ് ലക്ഷണങ്ങള്‍. രോഗം വന്നാല്‍ നേത്രരോഗ വിദഗ്ധന്റെ നിര്‍ദ്ദേശാനുസരണം മരുന്നുകള്‍ ഉപയോഗിക്കണം. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ അത് മറ്റുളളവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. കണ്ണുകള്‍ ഇടക്കിടെ തണുത്ത ശുദ്ധജലത്തില്‍ കഴുകുന്നത് രോഗാണുക്കള്‍ പെരുകുന്നത് തടയാന്‍ സഹായിക്കുകയും അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യും. കണ്ണിന് പരിപൂര്‍ണ വിശ്രമം ആവശ്യമാണ്. വായന ഒഴിവാക്കണം. കമ്പ്യൂട്ടര്‍ ഉപയോഗവും ടി.വി കാണലും ഉപേക്ഷിക്കണം. വെയില്‍ കൊള്ളുന്നതും അടുപ്പില്‍ നിന്നും മറ്റുമുള്ള ചൂടേല്‍ക്കുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. രോഗം ബാധിച്ചവരുമായി അടുത്തിടപഴകാതിരിക്കുകയാണ് രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം, രോഗികളുടെ സ്പര്‍ശനമേറ്റ വസ്തുക്കള്‍ വഴിയാണ് രോഗം പകരുന്നത്. രോഗി ഉപയോഗിച്ച ടവല്‍, കണ്ണട, കമ്പ്യൂട്ടര്‍ മൗസ്, ആഹാരം കഴിക്കുന്ന പാത്രങ്ങള്‍, വാഷ്‌ബേസിനിലെ ടാപ്പ്, സോപ്പ്, തോര്‍ത്ത്, റിമോട്ട് കണ്‍ട്രോള്‍, പുസ്തകം, പേന തുടങ്ങിയവയിലൂടെ രോഗാണു അടുത്ത വ്യക്തിയുടെ കൈകളിലേക്കും തുടര്‍ന്ന് കണ്ണുകളിലേക്കും പടരുന്നു. രോഗിയുടെ കണ്ണുകളിലേക്ക് നോക്കുന്നതിലൂടെ ഒരിക്കലും രോഗം പകരില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചെങ്കണ്ണ് രോഗം ബാധിച്ചു ചെന്നാല്‍ മരുന്നില്ലാത്ത അവസ്ഥയാണ്. കൂടുതല്‍ ഡോക്ടര്‍മാരും വെളിയില്‍ നിന്ന് മരുന്ന് വാങ്ങാന്‍ കുറിച്ച് കൊടുക്കാന്‍ പറയുന്നതിനാല്‍ പാവപ്പെട്ട രോഗികള്‍ വലയുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കാനും രോഗത്തിന് മരുന്നും കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സിപിഐ ചിറക്കര ലോക്കല്‍ സമ്മേളനത്തിലും വിഭാഗീയത by അരുണ്‍സതീശന്‍
ചാത്തന്നൂര്‍: സിപിഐയുടെ ചിറക്കര ലോക്കല്‍ സമ്മേളനത്തില്‍ നേതൃത്വത്തിനും സ്ഥലം എംഎല്‍എക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിനിധികള്‍. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍ നടത്തുന്ന അഴിമതിക്ക് ചൂട്ട് പിടിക്കുന്ന എംഎല്‍എക്കും നേതൃത്വത്തിനുമെതിരെയാണ് വിമര്‍ശനമുയര്‍ന്നത്. വിമര്‍ശനങ്ങളേറ്റ് സമ്മേളനവേദിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഹണി ശ്രീകുമാര്‍ പൊട്ടിക്കരഞ്ഞു. പല പ്രതിനിധികളും പഞ്ചായത്ത് പ്രസിഡന്റിനെതിരെ വ്യക്തമായ രേഖകള്‍ നിരത്തികൊണ്ടാണ് ആഞ്ഞടിച്ചത്. താവണാംപൊയ്ക ടാര്‍പ്ലാന്റ് പ്രശ്‌നത്തില്‍ എംഎല്‍എയും പാര്‍ട്ടിനേതൃത്വവും ടാര്‍പ്ലാന്റ് മുതലാളിമാര്‍ക്ക് അനുകൂലനിലപാട് സ്വീകരിച്ചതിനെതിരെയായിരുന്നു വിമര്‍ശനം ഏറെയും. സിപിഐ ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ടാര്‍പ്ലാന്റ് പ്രശ്‌നത്തില്‍ ഇരട്ടത്താപ്പ് കാണിച്ചെന്നും ഈ നിലപാട് മൂലം എംഎല്‍എയുടെ നാട്ടില്‍ തന്നെയുള്ള ഒരു വിഭാഗം പാര്‍ട്ടിക്ക് എതിരായെന്നും ചിറക്കരയില്‍ നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തംഗവും മുന്‍പഞ്ചായത്ത് പ്രസിഡന്റും എല്‍സി സെക്രട്ടറിയുമായ ടി.ആര്‍. ദീപു ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കുകയാണെന്നും പഞ്ചായത്തില്‍ ദീപുവിന്റെ പിന്‍വാതില്‍ ഭരണമാണ് നടക്കുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തി. ജനകീയാസൂത്രണം വഴി ജനങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും കൊടുക്കാതെ മെമ്പര്‍മാര്‍ സ്വന്തം ഇഷ്ടപ്രകാരം വിതരണം ചെയ്യുന്നു. അതിന്റെ ഉത്തമോദാഹരണമാണ് പട്ടികജാതിക്കാര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ വ്യാജരേഖ ചമച്ച് കൊണ്ട് പ്രസിഡന്റ് ഇഷ്ടക്കാര്‍ക്ക് നല്‍കിയത് ബ്രാഞ്ച് സെക്രട്ടറിമാരെ പ്രസിഡന്റും മെമ്പര്‍മാരും അവഗണിക്കുന്നു. കന്നുകുട്ടി പരിപാലനത്തില്‍ നടന്ന അഴിമതിയില്‍ പോലീസ് കേസെടുത്തിട്ടും പ്രസിഡന്റ് സ്ഥാനം രാജിവച്ച് പാര്‍ട്ടിയുടെ മുഖം രക്ഷിക്കുന്നതിന് തയ്യാറാകാതിരുന്നതും ബിജെപി നടത്തിയ സമരത്തെ പ്രതിരോധിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയാത്തതും ആരോപണ വിധേയമായി.പ്രസിഡന്റിനെകൊണ്ട് ജാതിപേര് പറഞ്ഞ് ആക്ഷേപിച്ചു എന്നാരോപിച്ച് കള്ളകേസ് കൊടുപ്പിച്ചത് പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ നാണക്കേടുണ്ടാക്കിയെന്നും പ്രതിനിധികള്‍ ആരോപിച്ചു. പഞ്ചായത്ത് ആസ്ഥാനം നില്‍ക്കുന്ന ചിറക്കര താഴത്തെ യാത്രാക്ലേശം പരിഹരിക്കാന്‍ എംഎല്‍എ യാതൊന്നും ചെയ്യുന്നില്ലെന്നും ചിറക്കര ഗവണ്‍മെന്റ് ആശുപത്രിക്ക് വേണ്ടി ദാനമായി കിട്ടിയ സ്ഥലത്ത് നിന്നും പഞ്ചായത്തും പാര്‍ട്ടിയും അറിയാതെ മണ്ണ് മറിച്ചുവിറ്റതും യോഗത്തില്‍ ചര്‍ച്ചയായി. ചാത്തന്നൂര്‍ ശ്രീനാരായണ കോളേജിലെ വഴിത്തര്‍ക്കത്തിന് സിപിഐ നേതൃത്വം കൊടുത്തതിനെതിരെ ആരോപണമുയര്‍ന്നു. എസ്എന്‍ ട്രസ്റ്റിനെതിരെ കേസുകൊടുത്തത് വഴി നിരവധി എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടു. പല പാര്‍ട്ടിമെമ്പര്‍മാരും പാര്‍ട്ടി വിട്ടതും നിരവധിപേര്‍ മെമ്പര്‍ഷിപ്പ് പുതുക്കാത്തതും യോഗം ചര്‍ച്ച ചെയ്തു. കണ്ണേറെ, ഉളിയനാട് വാര്‍ഡുകളില്‍ പാര്‍ട്ടിക്കുണ്ടായ ക്ഷീണവും നിരവധിപേര്‍ ബിജെപിയിലേക്ക് മാറിയതും ചര്‍ച്ചാവിഷയമായി. സിപിഎം മുന്നണി മര്യാദ ലംഘിച്ച് കൊണ്ട് പല കാര്യങ്ങളിലും പഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിനും എംഎല്‍എക്കുമെതിരെ നിഴല്‍യുദ്ധമാണ് സിപിഎം നടത്തുന്നതെന്നും മുന്നണി സംവിധാനം പുനപരിശോധിക്കണമെന്നും ഭൂരിഭാഗം പ്രതിനിധികളും അഭിപ്രായപ്പെട്ടു. എംഎല്‍എയെ വേദിയിലിരുത്തികൊണ്ടായിരുന്നു വിമര്‍ശനങ്ങള്‍. തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാവാണെന്ന കാര്യം എംഎല്‍എ മറക്കുകയാണെന്നും ആക്ഷേപമുയര്‍ന്നു
Friday, December 26, 2014
നാടാകെ സ്റ്റാറുകള്‍ നിറയുന്നു; ക്രിസ്മസ് വിപണി സജീവമായി by arunsatheesan
ചാത്തന്നൂര്‍: ക്രിസ്തുമസിനെയും പുതുവത്സരത്തെയും വരവേല്‍ക്കാന്‍ നാടും നഗരവും ഉണര്‍ന്നു. കടകളില്‍ നക്ഷത്രക്കൂട്ടങ്ങള്‍ വരവായി. വൈവിധ്യമാര്‍ന്ന നക്ഷത്രങ്ങള്‍, അലങ്കാര ബള്‍ബുകള്‍, സാന്താക്ലോസ് വേഷങ്ങള്‍, ക്രിസ്മസ് ട്രീ, അതില്‍ തൂക്കിയിടുന്ന വിവിധ വര്‍ണത്തിലുള്ള തോരണങ്ങള്‍, ചെറുനക്ഷത്രങ്ങള്‍, ആശംസാ കാര്‍ഡുകള്‍ തുടങ്ങിയവ കടകളില്‍ എത്തി തുടങ്ങി. ഇതോടെ പുതുവത്സര-ക്രിസ്തുമസ് വിപണിയും സജീവമായി. പ്ലാസ്റ്റിക്ക് പേപ്പറുകളാല്‍ നിര്‍മിതമായതും വിവിധ വര്‍ണത്തിലും വലിപ്പത്തിലുള്ളതുമായ നക്ഷത്രങ്ങളാണ് ഇത്തവണ വിപണിയിലുള്ളത്. നക്ഷത്രവിപണിയില്‍ കടലാസ് നക്ഷത്രങ്ങളെക്കാളും പ്ലാസ്റ്റിക് കവചമുള്ള നക്ഷത്രങ്ങള്‍ക്കാണ് പ്രിയം. വില അല്‍പ്പം കൂടിയാലും മഴയത്തും വെയിലത്തും ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. 150 മുതല്‍ 400 രൂപ വരെയാണ് വില. കൂടാതെ വൈവിധ്യമാര്‍ന്ന രൂപഭംഗിയിലുള്ള അലങ്കാര ബള്‍ബുകളും വിപണിയിലെത്തിയിട്ടുണ്ട്. നൂറു രൂപാ മുതല്‍ ആയിരവും അതിലധികവും വിലയുള്ളവയും ഇക്കൂട്ടത്തിലുണ്ട്. നക്ഷത്രങ്ങളേക്കാള്‍ അലങ്കാര ബള്‍ബുകള്‍ക്കാണ് ഇത്തവണ ആവശ്യക്കാര്‍ ഏറെയെന്ന് കച്ചവടക്കാര്‍ പറയുന്നു. സിനിമയുടേയും നടീനടന്മാരുടേയും പേരിലുള്ള നക്ഷത്രങ്ങളും ഇത്തവണ വിപണിയില്‍ എത്തിയിട്ടുണ്ട്. റെഡിമെയ്ഡ് ക്രിസ്തുമസ് ട്രീയും പുല്‍കൂടുകളും എത്തിക്കഴിഞ്ഞു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടവയാണ് വില്‍പ്പനക്കെത്തിയവയില്‍ അധികവും. നേരത്തെ കേരളത്തില്‍ നിര്‍മ്മിക്കുന്നതു കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള സാധനങ്ങള്‍ ധാരാളമായി വില്‍പ്പനക്കെത്തിയിരുന്നു. ഇവയ്‌ക്കൊപ്പം പ്രധാന ആകര്‍ഷണമായ സാന്താക്ലോസ് വസ്ത്രങ്ങള്‍ക്ക് വന്‍വിറ്റുവരവാണുള്ളത്. ഉപഭോക്താക്കള്‍ നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നാണ് വ്യാപാരികളുടെ പക്ഷം. ബംഗളുരു, മുംബൈ, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുമാണ് സാന്താ വസ്ത്രങ്ങള്‍ എത്തുന്നത്. 150 രൂപമുതല്‍ 450 രൂപവരെയാണ് വില. കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വര്‍ണപേപ്പറുകളുമായി എത്തി അലങ്കാരപൂക്കളുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നവരും എത്തിക്കഴിഞ്ഞു. അഞ്ചുരൂപാ മുതല്‍ അന്‍പതുരൂപ വരെയുള്ള ഇത്തരം അലങ്കാര മാലകളും പൂക്കളും സാധാരണക്കാരായവര്‍ക്കു ക്രിസ്തുമസിനെയും നവവത്സരത്തേയും വരവേല്‍ക്കാനായി വീടുകള്‍ മോടി പിടിപ്പിക്കാന്‍ ഉപകാരമാണ്. മുന്‍കാലങ്ങളില്‍ ആശംസാ കാര്‍ഡുകള്‍ക്ക് മുഖ്യസ്ഥാനമായിരുന്നു. എന്നാല്‍ മൊബൈലിന്റെയും ഇ-മെയിലിന്റെയും വരവോടെ കാര്‍ഡുകളുടെ കച്ചവടം നാലിലൊന്നായി കുറഞ്ഞു. അതേസമയം നക്ഷത്രങ്ങളും ലൈറ്റുകളും കടകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് പരമാവധി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കച്ചവടക്കാര്‍. കൂടാതെ വ്യത്യസ്തതയുള്ള നിറങ്ങളിലും രുചികളിലുമുള്ള ക്രിസ്മസ് കേക്കുകളുടെ വിപണിയും സജീവമായി. 100 മുതല്‍ 200 രൂപ വരെയാണ് കേക്കുകളുടെ വില. പ്ലം, മാര്‍ബിള്‍ കേക്കുകള്‍ മാത്രമായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ ഓരോ വര്‍ഷം കഴിയുന്തോറും വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലുള്ള കേക്കുകള്‍ മുതല്‍ വിവിധ രൂപത്തിലും രുചികളിലുമുള്ള ബ്രാന്‍ഡഡ് കേക്കുകള്‍ വരെ എത്തിയിട്ടുണ്ട്. വില കൂടുതലുള്ള പുതിയ ഇനം കേക്കുകളായ റിച്ച് ഫ്രൂട്ട്‌സ്, സ്‌നോമാന്‍, റെഡ്‌വെല്‍വെറ്റ്, ബോണ്‍ട് ബ്ലാക്ക്, മക്കാറൂണ്‍സ്, ക്രീം പീസ് എന്നിവയും വിപണിയിലുണ്ട്. കാരറ്റ്, വാഴപ്പഴം, പൈനാപ്പിള്‍, ബദാം, ഈന്തപ്പഴം എന്നിവയുടെ കേക്കുകളും ആളുകള്‍ക്ക് പ്രിയപ്പെട്ടവയാണ്. വിവിധ രൂപത്തിലും വലുപ്പത്തിലും വര്‍ണാഭമായ ഐസിംഗ് കേക്കുകളും കൗതുകമാകുന്നു. കരവിരുതുകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തിയാണ് കേക്ക് നിര്‍മാതാക്കള്‍ പുതിയ വിഭവങ്ങള്‍ വിപണിയിലെത്തിക്കുന്നത്.
പി.കെ.ഗുരുദാസന്റെ തട്ടകം വിഎസ് പക്ഷം പിടിച്ചു by Arunsatheesan
പരവൂര്‍: പിണറായി പക്ഷത്തിന്റെ അവസാന ചിറകുകളും അരിഞ്ഞുവീഴ്ത്തി പി.കെ ഗുരുദാസന്റെ തട്ടകമായ പരവൂരില്‍ വി എസ് പക്ഷം ആധിപത്യം ഉറപ്പിച്ചു. പിണറായി പക്ഷത്തെ പ്രമുഖരും പാര്‍ട്ടി അച്ചടക്ക നടപടി നേരിടുന്നവരുമായ റഷീദ്, അനില്‍ പ്രകാശ് എന്നിവരെ ഒഴിവാക്കി കൊണ്ടാണ് പാനല്‍ അവതരിപ്പിച്ചത്. 13 അംഗ ലോക്കല്‍കമ്മിറ്റിയില്‍ ഒമ്പതുപേര്‍ വിഎസ് പക്ഷക്കാരും നാലുപേര്‍ പിണറായി പക്ഷക്കാരുമാണ്. രണ്ടുപേരേ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പിണറായി പക്ഷക്കാര്‍ എത്തിയെങ്കിലും അച്ചടക്കനടപടിയുണ്ടാവുമെന്ന് ഭയന്ന് പിന്മാറുകയായിരുന്നു. മത്സരിക്കാന്‍ പോലും തയാറായില്ല. ഏരിയ സമ്മേളനത്തിലേക്ക് 19 പ്രതിനിധികളെയും തിരഞ്ഞെടുത്തതിലും വി.എസ് പക്ഷക്കാര്‍ ആധിപത്യം പുലര്‍ത്തി. 19 പേരില്‍ 15 പേരും വിഎസ് പക്ഷക്കാരാണ്. പി കെ ഗുരുദാസന്റെ തട്ടകത്തില്‍ ശക്തമായ ആരോപണങ്ങളാണ് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ പരവൂരില്‍ പ്രതിനിധികള്‍ ഉന്നയിച്ചത്. പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാണ്. അതിനു പരിഹാരം ഉണ്ടാക്കണം. ജനകീയ സമരങ്ങള്‍ എന്ന് പറയുമ്പോഴും സമരങ്ങള്‍ എല്ലാംതന്നെ പരാജയപ്പെടുന്നു. സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കല്‍ സമരം പോലും പ്രഹസനമായി മാറി. ജനങ്ങളുടെ മുന്നില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ അനുദിനം മോശമായി വരുന്നു. അഴിമതിക്കും ജനദ്രോഹഭരണത്തിനുമെതിരെ സന്ധിയില്ലാത്ത പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. വിഎസ് ഉയര്‍ത്തുന്ന ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടി തയാറാവണമെന്ന് പ്രതിനിധികള്‍ ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചു. യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ സംസ്ഥാനത്തുണ്ടായിട്ടും ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. അതിനു പകരം സര്‍ക്കാരുമായി ഉടമ്പടി രാഷ്ട്രീയമാണ് നടക്കുന്നതെന്നും പ്രതിനിധികള്‍ ആരോപണമുന്നയിച്ചു. പി.കെ.ഗുരുദാസന്റെ നാട്ടില്‍ പിണാറായിയുടെ പേരെടുത്തു പറയാതെ പ്രതിനിധികള്‍ നടത്തിയ ആരോപണം വരാന്‍പോകുന്ന ഏരിയാ, ജില്ലാ സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും എന്ന കാര്യത്തില്‍ സംശയമില്ല. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തന്നെ ഏരിയാ സമ്മേളന പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വി.എസ് പക്ഷത്തിന്റെ ശക്തനായ നേതാവ് തുളസീധരകുറുപ്പ് സമ്മേളന വേദിയില്‍ മുഴുവന്‍ സമയമുണ്ടായിരുന്നതും ചര്‍ച്ചകള്‍ക്ക് മറുപടി പറയുമ്പോള്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഉപരികമ്മിറ്റി നേതാക്കള്‍ തയാറാവാത്തതും മറുപടിപ്രസംഗം പോലുമില്ലാതെ സമ്മേളനം അവസാനിപ്പിച്ചതും പിണറായിപക്ഷം ആയുധമാക്കി മേല്‍ ഘടകങ്ങള്‍ക്ക് പരാതി നല്‍കുന്നുണ്ട്. പരവൂര്‍ മുന്‍സിപ്പല്‍ ഭരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പലപ്രതിനിധികളും വിമര്‍ശനമുയര്‍ത്തി. പരവൂര്‍-ചാത്തന്നൂര്‍ റോഡ് നിര്‍മ്മാണത്തിലെ അപാകതകളും പാരിപ്പള്ളി-പരവൂര്‍ റോഡ് നിര്‍മ്മാണത്തിലെ അപാകതകളും ചൂണ്ടിക്കാട്ടി പ്രതിനിധികള്‍ സിപിഐക്കാരനായ ചാത്തന്നൂര്‍ എംഎല്‍എക്ക് എതിരെ ആഞ്ഞടിച്ചു. എംഎല്‍എ സിപിഎമ്മിനെ അവഗണിച്ചുകൊണ്ടാണു വികസനപ്രവര്‍ത്തങ്ങള്‍ക്ക് സമിതികള്‍ രൂപീകരിക്കുന്നതെന്ന വാദമാണ് ഉന്നയിച്ചതില്‍ പ്രധാനം
ചാത്തന്നൂര്‍ ഡിപ്പോയിലും ബിഎംഎസ് യൂണിറ്റിന് തുടക്കം by Arunsatheesan
ചാത്തന്നൂര്‍: കെഎസ്ആര്‍ടി സിയില്‍ മാറ്റത്തിന്റെ ഓംകാരം മുഴക്കിക്കൊണ്ട് ധാന്യകതിര്‍ ആലേഖനം ചെയ്ത കാവിപതാക യൂണിറ്റ് പ്രസിഡന്റ് കൃഷ്ണകുമാര്‍ ഉയര്‍ത്തിയതോടെ ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബി.എം.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന സമ്മേളനം സംസ്ഥാന ഉപാധ്യക്ഷന്‍ ജി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദീര്‍ഘ വീക്ഷണമില്ലാത്ത മന്ത്രിയാണ് കെഎസ്ആര്‍ടിസി ഭരിക്കുന്നത്. അതുകൊണ്ട് തന്നെ കെഎസ്ആര്‍ടിസി ദിനംപ്രതി നഷ്ടത്തിലേക്ക് പോകുകയാണ്. പെന്‍ഷനായവര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല. ശമ്പളം വൈകുന്നു. കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പ് തൊഴിലാളികളെ ആശ്രയിച്ചാണ്. അവര്‍ക്ക് ശമ്പളം നിഷേധിക്കുകയും തൊഴിലാളികളെ പട്ടിണിക്കിടുന്നതും വഴി കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു. തൊഴിലാളികളോട് വാക്ക് പാലിക്കേണ്ട മന്ത്രിയാണ് തിരുവഞ്ചൂര്‍ എന്നും അദ്ദേഹം പറഞ്ഞു. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് വാരിജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ ട്രേഡ് യൂണിയന്‍ മേഖലയില്‍ ബിഎംഎസ് അവഗണിക്കാനാവാത്ത ശക്തിയായി മാറിയതായി അദ്ദേഹം പറഞ്ഞു. ഇന്ന് കേരളത്തിലെ തൊഴില്‍ സംരംഭകര്‍ക്ക് നേതൃത്വം കൊടുക്കുന്നത് ബിഎംഎസാണ്. അതിനാലാണ് ഇന്നു കേരളത്തില്‍ ബിഎംഎസ് വിഭാവനം ചെയ്ത തൊഴില്‍ സംസ്‌കാരത്തിലേക്ക് കൂടുതല്‍ തൊഴിലാളികള്‍ കടന്നു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് കൊല്ലം മഹാനഗര്‍ വ്യവസ്ഥാപ്രമുഖ് ജഗദീഷ് സംസാരിച്ചു. ബിഎംഎസിലേക്ക് കടന്നുവരുന്ന തൊഴിലാളികള്‍ക്ക് എല്ലാവിധ പിന്തുണയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ജഗദീഷ് പറഞ്ഞു. ബിഎംഎസ് നേതാക്കളായ ഗോപിനാഥന്‍ നായര്‍,ഗോപകുമാര്‍, ബി.ഐ.ശ്രീനാഗേഷ്, കെ.ശിവരാജന്‍, ജെ.തങ്കരാജ് എന്നിവര്‍ സംസാരിച്ചു. അഭിലാഷ് ആര്‍.നായര്‍ സ്വാഗതവും ആര്‍ ബൈജുനന്ദിയും പറഞ്ഞു. നേരത്തെ ചാത്തന്നൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും തുടങ്ങിയ പ്രകടനം ഡിപ്പോയില്‍ അവസാനിച്ചു. ഭാരവാഹികളായി ബി.കൃഷ്ണകുമാര്‍ (പ്രസിഡന്റ്), അഭിലാഷ് ആര്‍.നായര്‍ (സെക്രട്ടറി), എസ്.പ്രമോദ്കുമാര്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
കള്ളനോട്ടും വ്യാപകം; കുഴല്‍പ്പണ മാഫിയകള്‍ പിടിമുറുക്കുന്നു by അരുണ്‍സതീശന്‍
ചാത്തന്നൂര്‍: കൊട്ടിയം, ചാത്തന്നൂര്‍, പരവൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ചു വന്‍കുഴല്‍പ്പണ ശൃംഖല ചുവടുറപ്പിക്കുന്നു. പാരിപ്പള്ളി, കണ്ണനല്ലൂര്‍, കൊട്ടിയം, ഉമയനല്ലൂര്‍, പരവൂര്‍ തെക്കുംഭാഗം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നും കുഴല്‍പ്പണവുമായി എത്തുന്നവര്‍ക്ക് താമസത്തിന് സൗകര്യം ചെയ്തു കൊടുക്കുന്ന ഏജന്റുമാര്‍ ഈ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. ഈ മേഖലകളിലെ മൊബൈല്‍ ഷോപ്പുകള്‍, ന്യൂ ജനറേഷന്‍ ഗാര്‍മെന്റ്‌സുകള്‍, കോഴിക്കോടന്‍ ബേക്കറികള്‍ എന്നിവിടങ്ങളിലാണ് കുഴല്‍പ്പണക്കാരുടെ ഏജന്റുമാര്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഇവിടങ്ങളില്‍ വന്ന് വന്‍തുക ഡിപ്പോസിറ്റ് ചെയ്ത് കടകള്‍ എടുക്കുകയാണ്. ഓരോ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവരില്‍ ഭൂരിഭാഗവും അതത് സ്ഥലവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങളില്‍ ആരൊക്കെ വന്നുപോകുന്നു എന്നറിയാന്‍ കഴിയുന്നില്ല. ഇത്തരം കടകളില്‍ യാതൊരുവിധ കച്ചവടവും നടക്കുന്നില്ലെന്ന് മാത്രമല്ല ഉയര്‍ന്ന വാടകയാണ് കൊടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ക്ക് കടകള്‍ എടുത്തു കൊടുക്കാനും ഇവരെ സഹായിക്കാനും ബ്രോക്കര്‍മാരുടെ മത്സരമാണ്. ട്രെയിന്‍മാര്‍ഗവും ചരക്കുലോറികള്‍ വഴിയും അന്യസംസ്ഥാനത്ത് നിന്നും വരുന്ന ടൂറിസ്റ്റ് ബസുകള്‍ വഴിയുമാണ് കുഴല്‍പ്പണവുമായി ഇത്തരക്കാര്‍ വരുന്നത്. കുഴല്‍പ്പണവുമായി എത്തുന്നവര്‍ രാത്രികാലങ്ങളിലാണ് എത്താറുള്ളത്. ഇവര്‍ പണം ഏജന്റുമാര്‍ക്ക് നല്‍കി സ്ഥലം വിടുകയാണ് പതിവ്. ഏജന്റുമാര്‍ സ്ത്രീകളടക്കമുള്ളവരെ ഉപയോഗിച്ചാണ് പണം വിതരണം ചെയ്യുന്നത്. യാത്ര ചെയ്യുന്നതിന് എളുപ്പമായതിനാല്‍ കുഴല്‍പ്പണക്കാര്‍ കൊല്ലം, പരവൂര്‍ തീരദേശ റോഡാണ് പ്രധാനമായും തെരഞ്ഞെടുത്തിരിക്കുന്നത്. അര്‍ധരാത്രി പോലും എത്തുന്ന ഇക്കൂട്ടര്‍ മിക്കപ്പോഴും സമീപങ്ങളിലുള്ള തൈക്കാവ് പള്ളികളിലും മറ്റും കയറി പൊതുജനശ്രദ്ധ തിരിച്ചുവിടുകയാണ്. കൊല്ലം തിരുവനന്തപുരം ദേശീയപാതയിലും അതിനോട് അടുത്തുനില്‍ക്കുന്ന പള്ളികള്‍ കേന്ദ്രമാക്കിയും ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രി നിസ്‌കരിക്കാനും വിശ്രമിക്കാനും എന്ന വ്യാജേനയാണ് വാഹനങ്ങളില്‍ എത്തുന്നവര്‍ പൈസ കൈമാറുന്നത്. വ്യാപാരമില്ലാതെ രാത്രികാലങ്ങളില്‍ തുറന്നിരിക്കുന്ന മൊബൈല്‍ സ്ഥാപനങ്ങളെയും നാട്ടുകാര്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ബാങ്കുകളില്‍ ഗള്‍ഫില്‍ നിന്നും സ്ഥിരമായി പണം അയച്ചുകൊണ്ടിരുന്ന ആള്‍ക്കാര്‍ പലരും ഇപ്പോള്‍ കുഴല്‍പ്പണക്കാരെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ടെന്നും ബാങ്ക് മാനേജര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന കുഴല്‍പ്പണ മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുഴല്‍പണത്തിന്റെ മറവില്‍ കള്ളനോട്ടും പ്രചരിക്കുന്നുണ്ട്. കുഴല്‍പ്പണം കിട്ടുന്നവര്‍ എണ്ണിനോക്കും മുമ്പെ കൊടുക്കുന്നവര്‍ സ്ഥലംവിടും. ഇത്തരം പണവുമായി ബാങ്കില്‍ ചെല്ലുമ്പോഴാണ് കള്ളനോട്ടുകള്‍ ഉണ്ടെന്നറിയുന്നത്. കേസും മറ്റും ഭയന്ന് ആള്‍ക്കാര്‍ വെളിയില്‍ പറയില്ല. ഇക്കാര്യങ്ങള്‍ കൊണ്ട് തന്നെ കുഴല്‍പണത്തിന്റെ മറവില്‍ കള്ളനോട്ടും മേഖലകളില്‍ വ്യപകമാകുന്നുണ്ട്
സിപിഎം ചാത്തന്നൂര്‍ ഏരിയാ സമ്മേളനം മത്സരത്തിന് കച്ചമുറുക്കി ഇരുപക്ഷവും by അരുണ്‍ സതീശന്‍
ചാത്തന്നൂര്‍: സിപിഎം ഏരിയാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇരുപക്ഷവും മത്സരത്തിന് കച്ചമുറുക്കി രംഗത്തുണ്ട്. വെട്ടിപിടിച്ചും മത്സരിച്ചു ജയിച്ചും ചാത്തന്നൂരില്‍ വി.എസ്-പിണറായി പക്ഷങ്ങള്‍ ലോക്കല്‍ കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ മത്സരിച്ച കാഴ്ചയാണ് ലോക്കല്‍ സമ്മേളനങ്ങളില്‍ കണ്ടത്. ചാത്തന്നൂര്‍ ഏരിയയിലെ ഏഴ് ലോക്കല്‍ കമ്മിറ്റികളില്‍ പിണറായി പക്ഷം മൂന്നും വിഎസ് പക്ഷം നാലും നേടി ഒരു പടി കൂടി മുന്നില്‍തന്നെ വിഎസ് പക്ഷം നില്‍ക്കുമ്പോള്‍ ഏരിയാ കമ്മിറ്റിയില്‍ കടുത്ത മത്സരം ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. ചാത്തന്നൂര്‍ ലോക്കല്‍ സമ്മേളനത്തില്‍ പിണറായി പക്ഷക്കാരനായ എല്‍സി സെക്രട്ടറിയെ തന്നെ മാറ്റികൊണ്ട് വിഎസ് പക്ഷം ഘടകം പിടിച്ചപ്പോള്‍ കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മൂന്ന് എല്‍സി കമ്മിറ്റികളും പിടിച്ചെടുത്ത് വിഎസ് പക്ഷത്തിനെ മൂടോടെ പിഴുതുകളഞ്ഞ് പിണറായിപക്ഷം മിടുക്ക് കാട്ടി. തുടര്‍ന്ന് പഞ്ചനക്ഷത്ര സമ്മേളനം നടത്തി മിടുക്ക് കാട്ടിയ ചിറക്കര എല്‍സിയില്‍ പിണറായിപക്ഷം തന്നെ ഇല്ലാതായി. പരവൂരിലും പരവൂര്‍ നോര്‍ത്തിലും പൂതക്കുളത്തും പിണറായി പക്ഷത്തെ നിഷ്പ്രഭമാക്കി എംഎല്‍എ കൂടിയായ മുതിര്‍ന്ന മാര്‍ക്‌സിസ്റ്റ് നേതാവ് പി.കെ ഗുരുദാസന്റെ തട്ടകം നിലനിര്‍ത്താന്‍ ഒരുങ്ങിതന്നെയാണ് വിഎസ് പക്ഷം. ലോക്കല്‍ സമ്മേളനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിഭാഗീയത നടമാടിയത് ചാത്തന്നൂര്‍ ലോക്കല്‍ സമ്മേളനത്തിലാണ്. പിണറായി പക്ഷക്കാരെ തിരഞ്ഞുപിടിച്ച് തോല്‍പ്പിച്ചെന്ന് മാത്രമല്ല ശക്തമായ മത്സരത്തിലൂടെ പിണറായി പക്ഷകാരനായ എല്‍സി സെക്രട്ടറിയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. സമ്മേളനം കഴിഞ്ഞതിന് ശേഷവും വിഭാഗീയത തുടരുകയാണിവിടെ കശുവണ്ടിസമര പന്തലില്‍ ഡിവൈഎഫ്‌ഐക്കാര്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലിയതും പാര്‍ട്ടിയില്‍ നില്‍ക്കുന്ന രൂക്ഷമായ വിഭാഗീയതയും ചര്‍ച്ചാവിഷയമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. വിഎസ് പക്ഷക്കാരെ മൂടോടെ വെട്ടിനിരത്തിയ കല്ലുവാതുക്കല്‍ എല്‍സിയില്‍ രൂക്ഷമായ വാക്‌പോരു തന്നെ നടന്നു. നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന ഭരണമാറ്റവും നടമാടുന്ന അഴിമതികളും എല്ലാം തന്നെ ചര്‍ച്ചാവിഷയമായി. ബാങ്കില്‍ സിപിഎം നേതാക്കളുടെ ആശ്രിതര്‍ക്ക് നടത്തിയ നിയമനങ്ങളുമെല്ലാം ചര്‍ച്ചാവിഷയമാകും എന്ന കാര്യത്തില്‍ സംശയമില്ല. മുന്‍ ഏരിയാ കമ്മിറ്റി അംഗമായ സലിം വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ബാങ്കില്‍ ജോലി സ്ഥിരപ്പെടുത്താന്‍ ശ്രമിച്ചതും തുടര്‍ന്ന് ഏരിയാ കമ്മിറ്റിയില്‍ നിന്നും പുറത്തു പോയതും ഏരിയാ സമ്മേളനത്തില്‍ ചര്‍ച്ചക്ക് വരും. മുന്‍ നടയ്ക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റും പിണറായി പക്ഷത്തെ പ്രമുഖനുമായ ജയപ്രകാശിനെതിരെ സഹകരണ ബാങ്കില്‍ നടന്ന അഴിമതികള്‍ മുന്‍നിര്‍ത്തി ഏരിയാ കമ്മിറ്റിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധ്യത ഏറുന്നു പാരിപ്പള്ളി ലോക്കല്‍ കമ്മിറ്റിയിലും രൂക്ഷമായ വിഭാഗീയതയാണ്. ബ്രാഞ്ച് സമ്മേളനം നടത്തിയില്ലെന്ന് ആരോപിച്ച് ചാവര്‍കോട് ബ്രാഞ്ച് സെക്രട്ടറിയും കല്ലുവാതുക്കല്‍ പഞ്ചായത്ത് മുന്‍പ്രസിഡന്റുമായ സുലത ശിവപ്രസാദിനുനേരെ ഒരു പ്രമുഖ സിപിഎം നേതാവ് വീട്ടിലെത്തി അസഭ്യവര്‍ഷം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സുലത ശിവപ്രസാദ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പ്രവര്‍ത്തനം മതിയാക്കി പാര്‍ട്ടി വിടാനൊരുങ്ങുകയാണ്. അതിനു മുന്നോടിയായി എസ്.എന്‍.ഡി.പി വേദികളില്‍ സജീവമായി കഴിഞ്ഞു, ഡിവൈ എഫ്‌ഐ ഏരിയാ സെക്രട്ടറിയും വിഎസ് പക്ഷക്കാരനുമായ ബിനുവിനെ ഒഴിവാക്കിയ പാരിപ്പള്ളി ലോക്കല്‍ സമ്മേളന തീരുമാനത്തിനെതിരെ ഏരിയാ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. വേളമാനൂര്‍ ലോക്കല്‍ കമ്മിറ്റിയിലും വിഎസ് പക്ഷത്തെ വെട്ടിനിരത്തി പിണാറായിപക്ഷം ആധിപത്യം ഉറപ്പിച്ചു. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മൂന്ന് ഏരിയാസമ്മേളനങ്ങളിലും വിഎസ് പക്ഷത്തെ വെട്ടിനിരത്തിയ പിണറായി പക്ഷത്തെ മൂടോടെ വെട്ടാന്‍ ഏരിയാസമ്മേളനം വിഎസ് പക്ഷം ഉപയോഗിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പൂതക്കുളം ലോക്കല്‍ കമ്മിറ്റിയില്‍ മൃഗിയ ഭൂരിപക്ഷമുള്ള വിഎസ് പക്ഷം പിണറായി പക്ഷത്തോട് മൃദുസമീപനം പുലര്‍ത്തുന്ന സെക്രട്ടറിയെ മാറ്റി കടുത്ത വിഎസ് പക്ഷക്കാരനെ വച്ചുകൊണ്ട് ആധിപത്യം ഉറപ്പിച്ചു. പരവൂരിലെ ലോക്കല്‍ സമ്മേളനത്തില്‍ ശക്തമായ ആരോപണങ്ങളാണ് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ പരവൂരില്‍ പ്രതിനിധികള്‍ ഉന്നയിച്ചത്. പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാണ്. ജനകീയ സമരങ്ങള്‍ എന്ന് അവകാശപ്പെടുന്നതല്ലാതെ സമരങ്ങള്‍ ചീറ്റിപോകുന്നതാണ് മറ്റൊരു പ്രശ്‌നം. സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കല്‍ സമരം പോലും പ്രഹസനമായി മാറി. ജനങ്ങളുടെ മുന്നില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ അനുദിനം മോശമായി വരുന്നു. അഴിമതിക്കും ജനദ്രോഹ ഭരണത്തിനുമെതിരെ സന്ധിയില്ലാത്ത പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. തുടങ്ങി പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചും വിഎസിനെ ന്യായീകരിച്ചും പ്രതിനിധികള്‍ ആഞ്ഞടിച്ചു. വിഎസ് ഉയര്‍ത്തുന്ന ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടി തയാറാവണമെന്ന് പ്രതിനിധികള്‍ ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ സംസ്ഥാനത്തുണ്ടായിട്ടും ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. അതിനുപകരം യു.ഡി.എഫ് സര്‍ക്കാരുമായി ഉടമ്പടിരാഷ്ട്രീയമാണ് നടക്കുന്നതെന്നും പ്രതിനിധികള്‍ ആരോപിച്ചു. വി.എസ് പക്ഷത്തിന് ശക്തമായ സ്വാധീനമുള്ള പരവൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ വിഎസ് പക്ഷം ചേരിതിരിഞ്ഞുള്ള വിഭാഗീയത ശക്തമാണ്. ലോക്കല്‍കമ്മിറ്റി സെക്രട്ടറിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ പ്രതിനിധികള്‍ ചേരി തിരിഞ്ഞതും ഇവിടെയാണ്. ഇവിടെ വി.എസ് പക്ഷം രണ്ടു ചേരിയായി നില്‍ക്കുന്നതാണ് പിണറായി പക്ഷത്തിന് ഏകപ്രതീക്ഷ. മദ്യപാനികളായ അംഗങ്ങളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തരുതെന്ന കര്‍ശന നിര്‍ദ്ദേശം സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ചതോടെ നിലവിലുള്ള ഏരിയ കമ്മിറ്റിയിലെ ചിലരെ ഔദ്യോഗിക പാനലില്‍ നിന്ന് ഒഴിവാക്കും എന്ന കാര്യത്തില്‍ സംശയമില്ല സിപിഐക്കും സിപിഐക്കാരനായ സ്ഥലം എംഎല്‍എയുമായ ജി.എസ് ജയലാലിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ ഉന്നയിച്ചത്.ഒരു കമ്മ്യുണിസ്റ്റുകാരന് ചേര്‍ന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളല്ല എംഎല്‍എ നടത്തുന്നത് എന്നും എംഎല്‍എ സിപിഎമ്മിനെ അവഗണിച്ചുകൊണ്ടാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സമിതികള്‍ രൂപീകരിക്കുന്നതെന്നുമുള്ള കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. സംസ്ഥാന രാഷ്ട്രീയവും പ്രാദേശിക വിഷയങ്ങളും ചര്‍ച്ച ചെയ്ത സമ്മേളനങ്ങള്‍ വരാന്‍പോകുന്ന ഏരിയാ സമ്മേളനത്തില്‍ വിഎസ് പിണറായി പക്ഷങ്ങള്‍ തമ്മില്‍ ശക്തമായ മത്സരം തന്നെ നടക്കുമെന്നതിന്റെ സൂചനകളായി, പുതുതായി തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ 19 അംഗങ്ങളെ മാത്രമെ ഉള്‍പ്പെടുത്താനാവു. ഇപ്പോള്‍ കമ്മിറ്റിയില്‍ 18 അംഗങ്ങള്‍ മാത്രമേയുള്ളൂ. കമ്മിറ്റിയില്‍ ഇല്ലാത്ത ചില ലോക്കല്‍ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി വേണം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാന്‍. ഏരിയാ സമ്മേളനത്തില്‍ മത്സരത്തിനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി പിണറായിപക്ഷക്കാര്‍ കല്ലുവാതുക്കലില്‍ രഹസ്യയോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുത്തത് മണത്തറിഞ്ഞ ഔദ്യോഗിക നേതൃത്വം ജില്ലാ സംസ്ഥാനകമ്മിറ്റികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഏരിയാ സമ്മേളനം അടുത്തതോടെ നേതാക്കള്‍ എല്ലാം തന്നെ കൂട്ടത്തോടെ അമ്പലദര്‍ശനത്തിന്റെ തിരക്കിലാണ് എന്നാണ് അണികള്‍ പറയുന്നത്. ഇതില്‍ കൂടുതലും പിണറായിപക്ഷക്കാരാണ്. ചാത്തന്നൂരില്‍ നിന്നുള്ള ഒരു അഭിഭാഷകന്‍ കൂടിയായ പിണറായിപക്ഷ നേതാവ് കൊട്ടാരക്കാര ഗണപതി അമ്പലം മുതല്‍ തിരുവനന്തപുരം ആറ്റുകാല്‍ അമ്പലത്തില്‍ വരെ ദര്‍ശനം ചെയ്ത് ഉരുള്‍ നേര്‍ച്ചവരെ നടത്തി കഴിഞ്ഞു.ഇദ്ദേഹത്തിന് വേണ്ടി ചാത്തന്നൂരിലെ ക്ഷേത്രങ്ങളില്‍ ദിനവും അര്‍ച്ചന നടക്കുന്നു
സുധീരന്റെ ജനപക്ഷയാത്ര പാളുന്നു; ചാത്തന്നൂരില്‍ പ്രവര്‍ത്തനം നിര്‍ജീവം by ArunSatheesan
ചാത്തന്നൂര്‍: ചാത്തന്നൂര്‍: വി.എം.സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്ര ചാത്തന്നൂരില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം അവിശേഷിക്കെ യാതൊരുവിധ പ്രവര്‍ത്തനവും നടക്കുന്നില്ല എന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയിലേക്ക് വിരല്‍ചൂണ്ടുന്നു. യാത്രയ്ക്ക് കൂടുതല്‍ പ്രധാന്യം കൊടുക്കേണ്ടെന്ന തീരുമാനവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുന്നു. യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടത്താത്തത് ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍ മണ്ഡലം കമ്മിറ്റികളാണ്. സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ സുന്ദരേശന്‍പിള്ളയാണ് ആദിച്ചനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധുവായ ജേക്കബ് വര്‍ഗീസാണ് ചാത്തന്നൂരില്‍ മണ്ഡലം പ്രസിഡന്റ്. പ്രാദേശിക നേതാക്കള്‍ക്ക് യാതൊരുവിധ പരിഗണനയും കൊടുക്കാതെ സംസ്ഥാന നേതാവിനെ തന്നെ ആദിച്ചനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നോമിനേറ്റു ചെയ്തതില്‍ വ്യാപകമായ പ്രതിഷേധമുണ്ട്. കൂടാതെ ഇവിടെ കോണ്‍ഗ്രസുകാരനായ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കൊട്ടിയം സുനിലിനെ യൂത്ത് കോണ്‍ഗ്രസ് അസംബ്ലി പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൂടിയായ കൊട്ടിയം സാജന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതും അതിനെതിരെ പാര്‍ട്ടി നടപടി ഉണ്ടാവുന്നതിന് പകരം പാര്‍ടടി സംരക്ഷിക്കുന്ന നിലപാടാണ് സീകരിച്ചതെന്ന് ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിക്കുന്നു. നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാലിസ്റ്റില്‍പെട്ട കൊട്ടിയം സാജനെ സംരക്ഷിക്കുന്നത് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ബിന്ദുകൃഷ്ണയാണ്. ഇതിനാല്‍ തന്നെ ആദിച്ചനല്ലൂര്‍കാരിയായ ബിന്ദുവിനു എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പാണ് ഉള്ളത്. പഞ്ചായത്ത് മെമ്പര്‍മാര്‍ അവരുടെ വഴിയും ഐഎന്റ്റിയുസി അവരുടെ വഴിയും പോകുമ്പോള്‍ യാതൊരു ഏകോപനവും ഇല്ലാതെ ആദിച്ചനല്ലൂരില്‍ കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. മണ്ഡലം പ്രസിഡന്റ് സുന്ദരേശന്‍പിള്ള ജനപക്ഷയാത്ര തുടങ്ങിയത് മുതല്‍ കെപിസിസി പ്രസിഡന്റിന്റെ കൂടെയാണ്. അതുകൊണ്ടുതന്നെ ഇവിടെ യാതൊരുവിധ പ്രവര്‍ത്തനവും നടക്കുന്നില്ല. കൊട്ടിയം ടൗണിലോ ദേശീയപാതയിലോ ഒറ്റ ചുവരെഴുത്തുപോലും നടത്തിയിട്ടില്ല. ബൂത്തുകളില്‍ പ്രവര്‍ത്തനമിലലാത്തതും ശ്രദ്ധേയമാണ്. കൂപ്പണുകള്‍ പാര്‍ട്ടിയിലെ പിരിവ് തൊഴിലാളികളുടെ കയ്യിലെത്തി എന്ന് ബൂത്ത് ഭാരവാഹികള്‍ പറയുന്നു. ഇനി അവര്‍ പിരിക്കട്ടെ, അവര്‍ പരിപാടിക്ക് പോകട്ടെ എന്ന നിലപാടാണ് ഇവിടെയുള്ള കോണ്‍ഗ്രസുകാര്‍ക്ക്. ചാത്തന്നൂരിലെ സ്ഥിതിയും മറിച്ചല്ല. സാധാരണ കെപിസിസിയുടെ യാത്ര വരുമ്പോള്‍ ചാത്തന്നൂരിലാണ് യോഗം കൂടുക. നിയോജകമണ്ഡലത്തിന്റെ സെന്റര്‍ ചാത്തന്നൂരിലാണ്. എന്നാല്‍ ഇക്കുറി പരവൂരിലാണ് കൊല്ലം ജില്ലയിലെ അവസാന യോഗം. അതുകൊണ്ട് തന്നെ ചാത്തന്നൂരില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ ബന്ധു കൂടിയായ ജേക്കബ് വര്‍ഗീസ് ജില്ലാ-കെപിസിസി നേതാക്കളെ അവഗണിക്കുകയാണ് എന്ന് പൊതുവേ പരാതിയുണ്ട്. കൂടാതെ വഴിവിട്ട രാഷ്ട്രീയബന്ധങ്ങള്‍ മൂലം യാതൊരുവിധ സമരപരിപാടികളും ചാത്തന്നൂരില്‍ നടക്കുന്നില്ല. പഞ്ചായത്തിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും നാവനക്കാന്‍ പോലും തയ്യാറാകാത്ത പ്രസിഡന്റിനു എതിരെ നിരവധി ആരോപണങ്ങളും ഉയരുന്നുണ്ട്. ഉമ്മന്‍ചാണ്ടിബന്ധം ഉപയോഗിച്ച് പണപ്പിരിവാണ് ഇദ്ദേഹത്തിന്റെ പ്രധാനപരിപാടിയെന്ന് ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി തുടരുന്ന പ്രസിഡന്റ് മാറണമെന്ന് പാര്‍ടടിക്കാര്‍ ഒന്നടങ്കം പറഞ്ഞിട്ടും നേതൃത്വം വീണ്ടും ഇദ്ദേഹത്തെ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നാണ് മറ്റൊരു ആക്ഷേപം. മണ്ഡലം ബൂത്ത് തല യോഗം വിളിക്കാതെയും അഭിപ്രായം ചോദിക്കാതെയും വച്ച പ്രസിഡന്റിനെ ഞങ്ങള്‍ക്ക് വേണ്ടാ എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ സുന്ദരേശന്‍പിള്ളയെയും ജേക്കബ് വര്‍ഗീസിനെയും മണ്ഡലം പ്രസിഡന്റുമാരാക്കിയതില്‍ കടുത്ത അസ്തൃപ്തിയിലാണ് ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇവിടങ്ങളിലെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ള മണ്ഡലങ്ങളിലെയും സ്ഥിതി വിഭിന്നമല്ല. എ, ഐ വിഭാഗങ്ങള്‍ ചേരി തിരിഞ്ഞു പോര്‍വിളിക്കുമ്പോള്‍ ഐ ഗ്രൂപ്പില്‍ മൂപ്പിളമതര്‍ക്കം നടക്കുകയാണ്. യൂത്ത്‌കോണ്‍ഗ്രസിന്റെ നിശാക്യാബില്‍ നടന്ന ഐ ഗ്രൂപ്പുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷം കോണ്‍ഗ്രസിലേക്കും വ്യാപിക്കുന്നുണ്ട്. ഇത് കൂടാതെ കോണ്‍ഗ്രസുകാര്‍ യാത്രയുടെ പേരില്‍ ചിലയിടങ്ങളില്‍ പിരിക്കുന്നത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ക്കും നാട്ടുകാര്‍ക്കും ബാധ്യതയാകുകയാണ്. ഓരോ ബൂത്തു കമ്മിറ്റിയും സ്വീകരണച്ചടങ്ങില്‍ 15000 രൂപവീതം പ്രസിഡന്റിനെ ഏല്‍പിക്കണമെന്നാണ് കെ.പി.സി.സി.യടെ സര്‍ക്കുലര്‍. നിര്‍ജീവമായ ബൂത്ത് കമ്മിറ്റികള്‍ 15000 രൂപ വീതം സംഘടിപ്പിക്കാന്‍ പെടാപ്പാട് പെടുകയാണ്. ഒരു മണ്ഡലം കമ്മിറ്റി യില്‍തന്നെ പതിനഞ്ചുമുതല്‍ ഇരുപത്തിയഞ്ചുവരെ ബൂത്ത് കമ്മിറ്റികളാണുള്ളത്. ഓരോ ബൂത്തുകമ്മിറ്റിയും ഈ ക്വാട്ട നാട്ടുകാരില്‍നിന്നും പിരിച്ചെടുത്ത് വി.എം.സുധീരന്റെ സ്വീകരണ സമ്മേളനസ്ഥലത്തു കൈമാറണം. 15000 രൂപ ക്വാട്ട നിശ്ചയിച്ചതില്‍ ഓരോ ഘടകത്തിനും വിഹിതമുണ്ട്. 15000 രൂപയില്‍ കെപിസിസിക്ക് അയ്യായിരം രൂപയും ജില്ലാബ്ലോക്ക് കമ്മിറ്റികള്‍ക്ക് 2500 രൂപ വീതവും മണ്ഡലം കമ്മിറ്റികള്‍ക്ക് 2000 രൂപ വീതവും ബൂത്ത് കമ്മിറ്റികള്‍ക്ക് 3000 രൂപ വീതവുമാണ് വിഹിതം. ഓരോ ഘടകത്തിനും പ്രവര്‍ത്ത ന ഫണ്ടിനാണ് വിഹിതം നിശ്ചയിച്ചിരിക്കുന്നത്. കൂപ്പനുകള്‍ എല്ലാം തന്നെ സ്ഥിരം പിരിവുകാരായ കോണ്‍ഗ്രസുകാര്‍ കൈവശപ്പെടുത്തികഴിഞ്ഞു. പിരിവും തകൃതിയാണ്. എന്തായലും സുധീരന്റെ യാത്ര കടന്നുപോകുമ്പോള്‍ ചില ഭാരവാഹികളുടെ സ്ഥാനം തെറിക്കും എന്ന ആശ്വാസത്തിലാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍.
Sunday, September 7, 2014
Tuesday, July 29, 2014
Subscribe to:
Posts (Atom)


























































