ചാത്തന്നൂര്‍: 2015 ജനുവരി ഒന്നിന്റെ സൂര്യന്‍ ഉദിച്ചുയര്‍ന്നത് സുഹൃത്തുക്കളുടെ മരണവാര്‍ത്തയുമായി. പുതുവര്‍ഷം ആഘോഷിച്ചു മടങ്ങിയവരാണ് ഇന്നലെ കാരംകോട് നടന്ന അപകടത്തില്‍ മരണപ്പെട്ടത്. നിരവധി അപകടങ്ങളില്‍ എണ്ണമില്ലാത്ത ജീവനുകള്‍ നഷ്ടപ്പെടുത്തിയ സ്ഥലമാണ് കല്ലുവാതുക്കലിനും ചാത്തന്നൂരിനും മധ്യേയുള്ള ആറു കിലോമീറ്റര്‍ ദൂരം. അപകടം നടന്നാല്‍ ഉടന്‍ തന്നെ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്ന നാട്ടുകാര്‍ ഇക്കുറി പക്ഷേ ഉറക്കമുണരുമ്പോഴേക്ക് ദുരന്തം നടന്നുകഴിഞ്ഞിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ടാങ്കറില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചതെന്ന് പറയപ്പെടുന്നു. ഇടിയുടെ ആഘാതത്തില്‍ ആള്‍ട്ടോകാര്‍ പൂര്‍ണ്ണമായും തകര്‍ന്ന് ടാങ്കറിന്റെ അടിയിലേക്ക് കയറി. അപകട ശബ്ദംകേട്ട് സ്ഥലത്തെത്തിയ ആശിര്‍വാദ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തകരാണ് വിവരം ഹൈവേ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ സ്ഥലത്തെത്തിയ ഹൈവേ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കി. പുലര്‍ച്ചെയായതിനാലും ദേശീയപാതയില്‍ യാത്രക്കാര്‍ കുറവായതിനാലും അപകടത്തില്‍പ്പെട്ടവര്‍ ഏറെനേരം വാഹനത്തില്‍ കുടുങ്ങിക്കിടന്നു. പരവൂരിലും കൊല്ലത്തും നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നു മൃതദേഹങ്ങള്‍. കാറില്‍ നിന്നും കിട്ടിയ മൊബൈല്‍ഫോണ്‍ വഴിയും കോളേജിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നും ലഭിച്ച പേരും വിവരങ്ങളും കോളേജ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ധ്യാപകരും സഹപാഠികളും സ്ഥലത്തെത്തിയാണ് ഇവരെ തിരിച്ചറിഞ്ഞത്.ആദില്‍ഷാ, സിജോ ജോര്‍ജ് ജോണ്‍, സയ്യിദ് ഇന്‍സമാം തങ്ങള്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ചാത്തന്നൂരിലെയും നിക്‌സണ്‍ എബി മാത്യു, അജുപ്രകാശ്, അരുണ്‍ കെ.സാബു എന്നിവരുടെ മൃതദേഹങ്ങള്‍ കൊട്ടിയത്തെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചിരുന്നു

No comments:
Post a Comment